സ്ഥാപന ചരിത്രം

1341 ല്‍ പെരിയാറില്‍ ഉണ്ടായ പ്രളയം അതി ഭീകരമായിരുന്നു. ആ മഹാപ്രളയത്തില്‍ നിന്നാണ് കൊച്ചി രൂപമെടുത്തത് എന്ന് ഒരു ഐതിഹ്യമുണ്ട്.ഈ പ്രളയത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മുസിരിസ് തുറമുഖം എക്കലടിഞ്ഞ് ഉപയോഗ ശൂന്യമാവുകയും കൊച്ചിയില്‍ ഒരു പ്രക്യതിദത്ത തുറമുഖം ഉണ്ടാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. 1341 ല്‍ ഉണ്ടായ ഈ വെള്ളപ്പൊക്കത്തെതുടര്‍ന്നാണ് വെപ്പിന്‍കര എന്ന ഈ ദ്വീപ് ഉടലെടുക്കുന്നത്. 25 കിലോമീറ്റര്‍ നീളവും ശരാശരി 2 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന്റെ  വടക്കെ അറ്റത്താണ് പള്ളിപ്പുറം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.മഹത്തായ ഒരു സംസ്കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന  പഞ്ചായത്താണ് പള്ളിപ്പുറം . ഇന്ത്യയുടെ ചരിത്രത്തില്‍ അനന്യമായ സ്ഥാനം നേടിയെടുത്തിട്ടുള്ള സ്മാരകങ്ങള്‍ ഇവിടെ തലയുര്‍ത്തി നില്‍ക്കുന്നു.   വൈദേശികാക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും രുചിയറിഞ്ഞ മണ്ണാണ് ഇവിടെയുള്ളത്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ബ്രീട്ടിഷുകാരും  ഈ ഗ്രാമത്തിന്റെ ഉത്തരഭാഗം തങ്ങളുടെ ആധിപത്യത്തിലമര്‍ത്തിയിരുന്നതിന്റെ  പ്രത്യക്ഷമായ തെളിവുകള്‍ ഇന്നും നിലനില്‍ക്കുന്നു. 1503- ല്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെ നിര്‍മ്മിച്ച ആറു കോണുകളോടുകൂടിയ മൂന്നു നിലകളിലുള്ള കോട്ട ഇന്ത്യയിലെ  ഏറ്റവും പുരാതനമായ യുറോപ്യന്‍ സ്മാരകമാണ്. പ്രസ്തുത കോട്ടയുടെ  തെക്കുഭാഗത്തായി കായല്‍ത്തീരത്ത് പോര്‍ട്ടുഗീസുകാര്‍ ഒരു വൈദികവിദ്യാലയം സ്ഥാപിച്ചിരുന്നു. “വൈപ്പിന്‍ കോട്ട സെമിനാരി“  എന്നു ചരിത്ര രേഖകളില്‍ കാണുന്ന ഈ വൈദിക വിദ്യാലയത്തോടനുബന്ധിച്ച് 1577-ല്‍ സ്ഥാപിക്കപ്പെട്ട പ്രിന്റിംഗ് പ്രസ് കേരളത്തിലെ ആദ്യത്തെ അച്ചുക്കൂടമാണെന്നും ചില ചരിത്രകാരന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. 1661-ല്‍ ഡച്ചുകാരുടെ ആക്രമണത്തില്‍ പോര്‍ട്ടുഗീസുകാര് പരാജിതരാക്കുകയും  തുടര്‍ന്ന് ജെസ്വീട്ട്  പാതിരികളുടെ അധീനതയിലായിരുന്ന സെമിനാരിയും  പ്രസും ചേന്ദമംഗലത്തേക്ക് മാറ്റി  സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. പള്ളിപ്പുറത്തെ വൈദികവിദ്യാലയം 1728-ല്‍ ഡച്ചുകാര്‍ പള്ളിപ്പുറം തിരുവിതാംകൂര്‍ രാജാവിനു വിറ്റു. പക്ഷേ ആതുരാലയവും  അതിനടത്തുള്ള  ചില കെട്ടിടങ്ങളും ഒമ്പതേക്കര്‍ സ്ഥലവും വില്പന ഉടമ്പടിയില്‍പെടുത്തിയില്ല. ഡച്ചുകാര്‍ പീന്നിട്  ബ്രീട്ടിഷുകാര്‍ക്ക് കീഴടങ്ങിയപ്പോള്‍ 1795-ല്‍ പ്രസ്തുത സ്ഥലം സ്വാഭാവികമായും ബ്രീട്ടിഷ് ആധിപത്യത്തിന് കീഴിലായി.  അടുത്ത കാലം വരെ  ഈ സ്ഥലം  ‘ ബ്രീട്ടിഷ് ‘  എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . പള്ളിപ്പുറം തിരുവിതാംകൂര്‍ രാജാവിനു വിറ്റതോടെ, മുനമ്പം വരെയുള്ള ആ പ്രദേശം പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലകപ്പെടുകയും  ചെയ്തു. തിരു: കൊച്ചി  ലയനത്തിനുശേഷവും  അടുത്ത കാലം വരെ പ്രസ്തുത പ്രദേശം  പഴയ തിരുവിതാംകൂറിന്റെ  വടക്കെ അറ്റത്തെ താലൂക്കായ വടക്കന്‍ പറവൂരിലാണ് ഉള്‍പ്പെട്ടിരുന്നത്. ഡച്ചുകാരുമായുള്ള ഉടമ്പടി വ്യവസ്ഥയനുസരിച്ച് 1921 വരെ ബ്രീട്ടിഷുകാര്‍ ആതുരാലയം നിലനിറുത്തിയിരുന്നു. അതിനുശേഷം ആ കെട്ടിടങ്ങള്‍ കന്യാമഠവും വിദ്യാലയവും നടത്തുവാന്‍ വിട്ടുകൊടുക്കുകയാണുണ്ടായത്. മേല്‍പറഞ്ഞ സ്മാരകങ്ങളെ ചുറ്റിപ്പറ്റി ഇവിടെ നൂറ്റാണ്ടുകള്‍ കഴിഞ്ഞുകൂടിയ വിദേശികള്‍ ഭൌതികവസ്തുക്കള്‍ മാത്രമല്ല, അവരുടെ സംസ്കാരവും ഇവിടത്തെ സമൂഹത്തിന് പകര്‍ന്നു നല്‍കിയിട്ടാണ് കടന്നു പോയത്.

വൈദേശികാധിനിവേശത്തോടൊപ്പം തന്ന സ്ഥാപിതമായ വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തില്‍ അക്ഷരങ്ങളുടെ നക്ഷത്രത്തിളക്കത്തോടൊപ്പം അറിവിന്റെ പ്രഭാവലയവും പ്രചരിപ്പിച്ചു.കേരളത്തിലെ സാമൂഹികരംഗത്തെ അക്ഷയ ജ്യോതിസായിരുന്ന, നവോത്ഥാന നായകന്‍ ശ്രീ നാരായണഗുരുവിന്റെ  സന്ദേശങ്ങള്‍ ഈ ഗ്രാമത്തിലും  വന്നത്തിയതോടെ മേല്‍പ്പറഞ്ഞ അവസ്ഥയ്ക്ക് മാറ്റമുണ്ടായി ഈ നൂറ്റാണ്ടിന്റെ പൂര്‍വ്വാധത്തിനുമുമ്പ്   1917 മേയ് 29 ന് ശ്രീ നാരായണ ഗുരുവിന്റെ  പ്രമുഖ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ നേത്യത്വത്തില്‍ ചെറായില്‍ നടന്ന ‘മിശ്രഭോജനം’  എന്ന മഹല്‍ സംഭവം കേരളത്തിന്റെ മൊത്തം ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ ഇവിടെ നടന്നു..  ഈ സംഭവം ആണ് കേരളത്തിലെല്ലായിടത്തും നിലനിന്നിരുന്ന സാമൂഹികാനാചാരങ്ങളുടെ നേര്‍ക്കുള്ള കനത്ത ഒരു ആഘാതമായി കേരളചരിത്രത്തില്‍ മുഖ്യസ്ഥാനം  നേടിയെടുത്ത മഹത്തായ മിശ്രഭോജന’  വിപ്ളവം.  ഒരു  കൊടുങ്കാറ്റിന്റെ  വേഗത്തില്‍ കേരളമൊട്ടാകെ  അതിന്റെ അലയൊലികളാഞ്ഞടിച്ചു. പഴയ വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്ത്  ഈ ഗ്രാമത്തില്‍ ആരംഭിച്ച മാറ്റത്തിന്റെ ശംഖൊലിയായി മാറിയ ഈ വിപ്ളവ പ്രക്രിയ അക്കാലത്ത്  ശ്രീ. കെ. അയ്യപ്പന്‍ തന്ന സ്ഥാപിച്ച് സഹോദര സംഘം’  വഴി കേരളത്തിലെല്ലായിടത്തും വ്യാപിച്ചപ്പോള്‍  ഈ പ്രസ്ഥാനത്തിനു വിത്തുപാകിയ ഈ ഗ്രാമം അഭിമാനം കൊള്ളുകയായിരുന്നു.സഹോദര സംഘത്തിന്  അനുബന്ധമായി ഒരു ‘സ്ത്രീ സമാജ’വും ചെറായി കേന്ദ്രമാക്കി അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. വനിതസംഘടനകളെപ്പറ്റി  കേരളീയര്‍ ചിന്തിച്ചു തുടങ്ങുന്നതിനുമുമ്പു തന്ന ഇത്തരമൊരു സംഘടന രൂപവത്കരിച്ച് ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു എന്ന് ചരിത്രപ്രധാന്യമാര്‍ഹിക്കുന്ന കാര്യമാണ്.1926-ലെ ട്രേഡ് യൂണിയന്‍ ആക്ട് നിലവില്‍ വരുന്നതിനു മുമ്പു തന്ന ‘ആദി വൈപ്പിന്‍ തൊഴിലാളി സംഘം ‘   എന്ന പേരില്‍  സഹോദരന്‍ അയ്യപ്പന്‍ നേത്യത്വം നല്‍കി രൂപം നല്‍കിയ സംഘടന, കേരളത്തിലെതന്ന ആദ്യകാല തൊഴിലാളി സംഘടനകളിലൊന്നാണ് “ വേലക്കാരന്‍” എന്ന പേരില്‍ ഒരു പത്രവും ആഴ്ചയില്‍ മൂന്ന്  എന്ന നിലയ്ക്ക് ഈ സംഘത്തിന്റെ ആഭിമുഖ്യത്തില്‍  ഇറക്കിയിരുന്നു. ചെറായില്‍ നിന്ന്, സംഘത്തിന്റെ  വാര്‍ഷികത്തിന്  ദക്ഷിണേന്ത്യയിലെ പ്രമുഖ സാമൂഹിക വിപ്ളവകാരിയായ ‘പെരിയോര്‍’  ഈ.വി. രാമസ്വാമി നായ്ക്കര്‍ വന്നു പ്രസംഗിച്ചിട്ടുണ്ട്. (ദ്രാവിഡകഴകം സ്ഥാപകന്‍).പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിക്കുകയും  പിന്നീട്  ഡച്ചുകാരുടെയും ഒടുവില്‍ ബ്രീട്ടിഷുകാരുടെയും  കാലത്ത് മാറ്റങ്ങള്‍  വരുത്തുകയും ചെയ്ത് ഇന്നത്തെ രൂപത്തിലെത്തിയിട്ടുള്ള പ്രസിദ്ധമായ മഞ്ഞുമാതാവിന്റെ പള്ളി, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ട് മുസ്ളിം ദേവാലയങ്ങള്‍ ഒരു നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന  ചെറായി ശ്രീ ഗൌരിശ്വരക്ഷേത്രം, അഴീക്കല്‍, ശ്രീവരാഹ ക്ഷേത്രം, കോവിലകത്തുംകടവ് ശ്രീക്യഷ്ണസ്വാമി ക്ഷേത്രം  ത്യക്കടക്കാപ്പിള്ളി ക്ഷേത്രം , തിരുമാനാംകുന്ന്  ക്ഷേത്രം പള്ളിപ്പുറം മഞ്ഞു മാതാവിന്റെ പള്ളി തുടങ്ങിയ  ആരാധനാലയങ്ങള്‍ ഈ ഗ്രാമത്തിലെ വിവിധ ജാതി-മത വിഭാഗങ്ങളെ എന്നന്നും ഏകോപ്പിച്ചു നിര്‍ത്തുന്ന സ്ഥാപനങ്ങളായി നിലകൊള്ളുന്നു. കൊച്ചു കൊച്ചു  ദേവാലയങ്ങള്‍ ഇനിയും ധാരാളമുണ്ട് ഈ ഗ്രാമത്തില്‍.

മൂന്നു ഹൈസ്കൂളുകളുള്‍പ്പെടെ 14 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പള്ളിപ്പുറം പഞ്ചായത്തിന്റെ സാക്ഷരതാ നിലവാരവും, വിദ്യാഭ്യാസ നിലവാരവും  അഭിമാനാവഹമാണ്. ഗ്രന്ഥശാല സംഘം ഗ്രാന്റ് ലഭിക്കുന്ന  ഗ്രന്ഥലായങ്ങള്‍ കൂടാതെ, ചെറിയ ഗ്രന്ഥാലയങ്ങളും  വായനശാലകളുള്‍പ്പെടെ  പതിനഞ്ചാളം വിജ്ഞാന കേന്ദ്രങ്ങള്‍  ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കാലം ചെയ്ത അഭിവന്ദ്യ ബിഷപ്പ് റവന്റ് ജേക്കബ് ഈ പഞ്ചായത്ത് നിവാസിയായിരുന്നു. ഇപ്പോള്‍ വാരാപ്പുഴ  അതിരൂപതയുടെ മേധാവിയായി സ്ഥാനാരോഹണം  ചെയ്യപ്പെട്ടിരിക്കുന്ന ആര്‍ച്ചു ബിഷപ്പ്  മോസ്റ് റവന്റ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ നമ്മുടെ ഗ്രാമത്തിന് അഭിമാനാവഹമായ  പ്രശ്സതിയാണ് നേടിത്തന്നിട്ടുള്ളത്.എല്ലാ വിഭാഗീതയകള്‍ക്കുമതീതമായി, ആഴത്തില്‍ വേരോടിയ സൌഹാര്‍ദ്ദതയോടെ കഴിയുവാന്‍ ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കു കഴിയുന്നത്, മേല്‍പറഞ്ഞിട്ടുള്ള വൈജ്ഞാനിക കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയ സ്ഥാപനങ്ങളും വ്യക്തികളും ദീര്‍ഘകാലമായി ഇവിടത്തെ ജനസമൂഹത്തിനു പകര്‍ന്നു നല്‍കുകയും നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്ന സാംസ്കാരിക സമ്പത്തിന്റെ ശക്തി കൊണ്ടാണ്.ദേശീയ സ്വാതന്ത്യ്ര സമരത്തിലും ജനായത്ത ഭരണക്രമം നടപ്പില്‍ വരുത്താനുള്ള പ്രക്ഷോഭ സമരങ്ങളിലും പങ്കെടുത്ത് പ്രശ്സതരായ പല രാജ്യസ്നേഹികള്‍ക്കും  കേരളത്തിലും അഖിലേന്ത്യതലത്തിലും  പ്രശ്സതരായ സാഹിത്യകാരന്മാര്‍ക്കും ജന്മം കൊടുത്ത ഗ്രാമമാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി യൂണിയനുകളും അധ്യാപക-സര്‍വ്വീസ് സംഘടനാ പ്രസ്ഥാനങ്ങളും കര്‍ഷക പ്രസ്ഥാനവും  മറ്റും സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത പാരമ്പര്യവും ഈ പ്രദേശത്തിന് അവകാശപ്പെട്ടതാണ്. അവകാശസ്ഥാപനത്തിനും കാര്‍ഷിക-വ്യവസായ രംഗങ്ങളില്‍ മൌലികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രവും ഈ  നാടിനുണ്ട്. 1970 ല്‍ ഈ പഞ്ചായത്തില്‍ നടന്ന കുടികിടപ്പു സമരം, ഈ പഞ്ചായത്തിലെ സാമൂഹിക മാറ്റത്തില്‍ ഗണനീയമായ സ്ഥാനം നേടിയ പ്രക്ഷോഭകസമരമായിരുന്നു. വൈപ്പിന്‍കരയില്‍ ഈ പഞ്ചായത്തില്‍ മാത്രം നടന്ന ഈ സമരത്തിന് ഒന്നിലധികം കാരണങ്ങളാല്‍ ചരിത്ര പ്രധാന്യവുമുണ്ട്. ഈ ജനകീയ സമരം അവിസ്മരണീയമാണ്.

എറണാകുളം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് ത്യശ്ശൂര്‍ ജില്ലയോട്  ചേര്‍ന്ന് വൈപ്പിന്‍ ബ്ളോക്കിലെ പള്ളിപ്പുറം-കുഴുപ്പിള്ളി ഗ്രൂപ്പിലെ ഭാഗമായിരുന്നു പള്ളിപ്പുറം.  1963  ഡിസംബര്‍ 19-ാം തീയതി ആണ് ശ്രീ.കെ.കെ. വിശ്വനാഥന്‍ പ്രസിഡന്റായി പള്ളിപ്പുറം  പഞ്ചായത്ത് നിലവില്‍ വന്നത്.കുഴുപ്പിള്ളി പ്രദേശത്തെ വേര്‍പ്പെടുത്തുകയും വടക്കേക്കര പഞ്ചായത്തിലെ മുനമ്പം ഭാഗം ലയിപ്പിച്ചുകൊണ്ടാണ് പള്ളിപ്പുറം നിലവില്‍ വന്നത്.പുതിയ ഭൂപരിധികളില്‍ പഞ്ചായത്തില്‍ മുനമ്പം അഴിമുഖം പോലുള്ള ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ചരിത്രാതീതകാലം മുതല്‍ ഇന്ത്യയുടെ സമുദ്രകവാടമായിരുന്ന മുസരിസ്സ് ഗതകാലപ്രതാപം നശിച്ച് ഒരു ഇടത്തരം മത്സ്യബന്ധന തുറമുഖമായി തീര്‍ന്നതാണ് ഇന്നത്തെ മുനമ്പം അഴി.പെരിയാറില്‍ നിന്നും വന്നടിയുന്ന എക്കല്‍ മൂലം രൂപം കൊള്ളുന്ന മണല്‍ത്തിട്ടയില്‍ തട്ടി       120 മത്സ്യതൊഴിലാളി ജീവനും അതിലേറെ മത്സ്യബന്ധന യാനങ്ങളും തകര്‍ന്നു പോയിട്ടുണ്ട്. കോടികള്‍ ചെലവഴിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്കരിച്ച മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ പ്രോജക്ടിലൂടെ അഴിമുഖത്ത് ഈ അപകടം ഇല്ലാതാക്കാന്‍ കഴിഞ്ഞതോടൊപ്പം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഒരു വന്‍കിട പ്രോജക്ടിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനും  ഇന്ന് കഴിയുന്നു